സൗദിയിൽ ഇന്ത്യൻ ഉംറ തീർത്ഥാടക സംഘത്തിൻ്റെ ബസിന് തീപിടിച്ച സംഭവം: മരിച്ചത് 45 പേർ, ഒരാൾ മാത്രം രക്ഷപ്പെട്ടുവെന്ന് വിവരം | Fire

ആളിപ്പടർന്ന തീയിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു
Bus carrying Indian Umrah pilgrims catches fire in Saudi Arabia, 45 dead
Published on

ഹൈദരാബാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് സൗദി അറേബ്യയിലെ മദീനയ്ക്കടുത്ത് വെച്ച് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് 45 പേർ മരിച്ചതായി റിപ്പോർട്ട്. ഈ ദാരുണ അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് നിലവിലെ വിവരം. ഉംറ തീർത്ഥാടകർ ഉൾപ്പെട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടമാണിത്.(Bus carrying Indian Umrah pilgrims catches fire in Saudi Arabia, 45 dead)

സംഘത്തിൽ ആകെ 54 തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നാല് പേർ കാറിൽ യാത്ര ചെയ്യുകയും നാല് പേർ മക്കയിൽ തങ്ങുകയും ചെയ്തിരുന്നു. ബസിൽ ഉണ്ടായിരുന്ന 46 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം.

ബസിൽ സ്ത്രീകളും കുട്ടികളുമായിരുന്നു അധികവും. സംഘത്തിൽ 20 പേർ സ്ത്രീകളും 11 കുട്ടികളുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരുടെ എണ്ണം 45 ആണെങ്കിലും അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.

മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം. മദീനയിലെത്തുന്നതിന് 160 കിലോമീറ്റർ അകലെ മുഹറഹാത്തിൽ വെച്ച് ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ആളിപ്പടർന്ന തീയിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. അപകടം എങ്ങനെയെന്നതിൽ വിശദമായ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

സിവിൽ ഡിഫൻസും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതും തീയണച്ചതും. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനം ആരംഭിച്ചു. ആശുപത്രികളിലും മറ്റുമായി കോൺസുലേറ്റ് ജീവനക്കാരെയും വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com