ഹൈദരാബാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 45 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇന്ത്യ. ഹൈദരാബാദിൽ നിന്നും തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരാണ് ദുരന്തത്തിൽപ്പെട്ടത്. ദാരുണമായ ഈ അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനർ അറിയിച്ചു. ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒന്നരയ്ക്കാണ് അപകടം സംഭവിച്ചത്.(Bus carrying Indian Umrah pilgrims burns in Saudi Arabia, Rs 5 lakh financial assistance to families)
മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ, മദീനയിൽ എത്തുന്നതിന് 160 കിലോമീറ്റർ അകലെ മുഹറഹാത്തിൽ വെച്ച് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. ആളിപ്പടർന്ന തീയിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. സിവിൽ ഡിഫൻസും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപകാലത്തെ ഉംറ തീർത്ഥാടകർ ഉൾപ്പെട്ട ഏറ്റവും വലിയ അപകടമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രവർത്തനം തുടങ്ങി. ആശുപത്രികളിലും മറ്റുമായി കോൺസുലേറ്റ് ജീവനക്കാരെയും വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിൽ ഒരു ഔദ്യോഗിക സംഘത്തെ സൗദിയിലേക്ക് അയക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഒരു എ.ഐ.എം.ഐ.എം. എം.എൽ.എ.യും മുതിർന്ന ന്യൂനപക്ഷകാര്യ ഉദ്യോഗസ്ഥനും ഈ സംഘത്തിൽ ചേരും. മരിച്ച ഓരോരുത്തരുടെയും രണ്ട് കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കും.
ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി തെലങ്കാന സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം സ്ഥാപിച്ചു. യാത്രക്കാരുടെ പൂർണ്ണ വിവരങ്ങൾ ഉടൻ ശേഖരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചീഫ് സെക്രട്ടറിക്കും പോലീസ് ഡി.ജി.പി.ക്കും നിർദ്ദേശം നൽകി. ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിനും വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചു.