ബെംഗളൂരു: യെലഹങ്കയിൽ ന്യൂനപക്ഷ ഭൂരിപക്ഷ മേഖലയിലെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത സംഭവം കോൺഗ്രസിനെ ദേശീയതലത്തിൽ പ്രതിസന്ധിയിലാക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'ബുൾഡോസർ രാജിനെ' എതിർക്കുന്ന കോൺഗ്രസ്, സ്വന്തം ഭരണത്തിന് കീഴിൽ അതേ നടപടി ആവർത്തിച്ചതിനെതിരെ മുതിർന്ന നേതാക്കളും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും രംഗത്തെത്തിയതോടെയാണ് എഐസിസി ഇടപെട്ടത്.(Bulldozer Raj in Karnataka, AICC seeks explanation from DK Shivakumar)
സംഭവം വിവാദമായതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിൽ നിന്ന് വിശദീകരണം തേടി. കയ്യേറ്റ ഭൂമി നിയമപരമായ നടപടികൾ പാലിച്ചാണ് ഒഴിപ്പിച്ചതെന്നാണ് ശിവകുമാറിന്റെ പ്രാഥമിക വിശദീകരണം.
ഉത്തർപ്രദേശിലെ ബുൾഡോസർ രാജിനെ വിമർശിക്കുന്നവർ കർണാടകയിൽ അത് നടപ്പിലാക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ പി. ചിദംബരവും സ്വന്തം പാർട്ടിയുടെ ഭരണത്തിന് കീഴിൽ നടന്ന ഈ നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഡിസംബർ 20-ന് പുലർച്ചെ 4.15-നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും ബുൾഡോസറുകൾ ഇറക്കിയത്. സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ചായിരുന്നു മുന്നൂറോളം വീടുകളുടെ അടിത്തറ തകർത്തത്. നോട്ടീസ് പോലുമില്ലാതെ പുലർച്ചെ നടത്തിയ ഈ നീക്കം വലിയ മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപം ഉയർന്നു.
വിമർശനം ശക്തമായതോടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന സമുച്ചയം നിർമ്മിച്ച് നൽകാനാണ് നിലവിലെ ആലോചന. ഇതിനായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം നൽകി.