

ബുലന്ദ്ഷഹർ: യുപിയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്നും വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സിക്കന്ദ്രാബാദിൽ ജനുവരി രണ്ടിന് രാത്രിയാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ , അയൽവാസികളായ രാജു, വീരു കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ അതേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതികൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ശേഷം കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു.
കെട്ടിടത്തിന് പിന്നിലെ വയലിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബി.എൻ.എസ് (BNS), പോക്സോ (POCSO) നിയമപ്രകാരം കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനും പോലീസ് കേസെടുത്തു.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിന് നേരെ ആക്രമണമുണ്ടായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളായ രാജുവിനും വീരുവിനും കാലിന് വെടിയേറ്റു. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി ബുലന്ദ്ഷഹർ പോലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പോലീസ് നടപടി.