സബർകാന്ത: പേവിഷബാധയെന്ന് സംശയിക്കുന്ന എരുമയുടെ പാൽ കുടിച്ചതിനെത്തുടർന്ന് ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ നാട്ടുകാർക്കിടയിൽ ആശങ്ക. ലാലോഡ ഗ്രാമത്തിൽ മാർച്ച് 5-നാണ് എരുമ ചത്തത്. ഒരാഴ്ചയോളം അസുഖം ബാധിച്ച എരുമയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.( Buffalo infected with rabies, Thirty people who drank its milk were taken to the hospital and vaccinate)
ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവശ നിലയിലായിരുന്ന എരുമയുടെ വായിൽ നിന്ന് ഉമിനീർ ഒലിക്കുന്നുണ്ടായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ ഇത് പേവിഷബാധയാണെന്ന് സംശയിച്ചിരുന്നു. തെരുവുനായയുടെ കടിയേറ്റതിലൂടെയാകാം എരുമയ്ക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
എരുമ ചത്തതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിന്റെ പാൽ ഉപയോഗിച്ച മുപ്പതോളം ഗ്രാമവാസികൾ പരിഭ്രാന്തിയിലായി. വ്യാഴാഴ്ച ഇദാർ ഉപജില്ലാ ആശുപത്രിയിലെത്തിയ ഇവർ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തു. പാലിലൂടെ പേവിഷബാധ പകരില്ലെന്ന് ഇദാർ സബ് ഡിസ്ട്രിക്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. സഞ്ജയ് കുമാർ ചൗഹാൻ വ്യക്തമാക്കി. പാൽ തിളപ്പിച്ചു കുടിക്കുന്നവർക്ക് പേടിക്കേണ്ട സാഹചര്യമില്ലെന്നും എങ്കിലും നാട്ടുകാരുടെ ഭീതി അകറ്റാനാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

