ഇൻഷുറൻസ് തുക തട്ടാൻ ക്രൂര കൊലപാതകം: യുവാവ് അറസ്റ്റിൽ | Murder

വഴിത്തിരിവായത് ഭാര്യയുടെ മൊഴി
Brutal murder to collect insurance money, Man arrested
Updated on

മുംബൈ: താൻ മരിച്ചെന്ന വ്യാജേന ഇൻഷുറൻസ് തുക കൈക്കലാക്കാൻ ശ്രമിച്ച കേസിൽ ഒരാളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഷുറൻസ് പണത്തിനുവേണ്ടി മറ്റൊരാളെ കാറിലിട്ട് കത്തിച്ചു കൊലപ്പെടുത്തിയ ലാത്തൂർ സ്വദേശി ഗണേഷ് ചവാനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച മഹാരാഷ്ട്രയിൽ ആണ് സംഭവം നടന്നത്.(Brutal murder to collect insurance money, Man arrested)

വീട് പണിയാൻ എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിലെ പ്രതിസന്ധിയാണ് ഗണേഷിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. ഇതിനായി ഇയാൾ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ചേർന്നു. താൻ മരിച്ചതായി വരുത്തി തീർത്ത് ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ഗണേഷിന്റെ പദ്ധതി.

കൊലപാതകം ആസൂത്രണം ചെയ്ത ഗണേഷ്, ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔസയിൽ വെച്ച് ലിഫ്റ്റ് ചോദിച്ചെത്തിയ ഗോവിന്ദ് യാദവ് എന്ന കാൽനടയാത്രക്കാരനെ വാഹനത്തിൽ കയറ്റി. തുടർന്ന് ഇയാൾക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കി. ശേഷം ഗോവിന്ദിനെ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് മാറ്റിയ ശേഷം വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. മരിച്ചത് താനാണെന്ന് പൊലീസിനെയും കുടുംബത്തെയും വിശ്വസിപ്പിക്കാൻ വേണ്ടി, ഗണേഷ് തന്റെ കൈയിലെ ബ്രേസ്‌ലെറ്റ് ഗോവിന്ദിന്റെ മൃതദേഹത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തിൽ കാറിനുള്ളിൽ കത്തിയെരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഗണേഷ് ചവാന്റെതാണെന്ന് തന്നെയാണ് പൊലീസ് ആദ്യം കരുതിയത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, തുടരന്വേഷണത്തിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായി ഇയാളുടെ ഭാര്യ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ സൈബർ പരിശോധനയിൽ, ഗണേഷ് പുതിയൊരു നമ്പറിൽ നിന്ന് ഈ സ്ത്രീയുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഗണേഷ് മറ്റൊരാളെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിന്ധുദുർഗിൽ വെച്ച് ഗണേഷിനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com