
ഭോപ്പാൽ: രാജ്യത്തെ ഞെട്ടിച്ച്. മധ്യപ്രദേശിൽ ക്രൂര കൊലപാതകം. മധ്യപ്രദേശിലെ ധറിൽ അമ്മയുടെ മുന്നിൽവച്ച് അഞ്ച് വയസുകാരനെ തലയറുത്തു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മഹേഷ് എന്ന 25-കാരനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാൾ മാനസിക വൈകല്യമുള്ളയാളാണെന്നാണ് സൂചന. പ്രതി മഹേഷ് ബൈക്കിൽ എത്തി, കാലു സിംഗ് എന്നയാളുടെ വീട്ടിൽകയറി ഒരു വാക്കുപോലും പറയാതെ വീട്ടിൽ കിടന്ന മൂർച്ചയുള്ള ആയുധമെടുത്ത് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും പരിക്കേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ പ്രതിയെ പിടികൂടി. തുടർന്ന് മർദിച്ചതിന് ശേഷം പോലീസിൽ ഏൽപ്പിച്ചു.അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഇയാൾ മാനസികമായി അസ്വസ്ഥനാണെന്നും വീട്ടിൽ നിന്ന് കാണാതായതായും കുടുംബം പോലീസിനോട് പറഞ്ഞു.