ഹൈദരാബാദ് : പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകളും നിയമസഭാ കൗൺസിൽ (എം.എൽ.സി) അംഗവുമായ കൽവകുന്ത്ല കവിതയെ അച്ചടക്ക നടപടിയുടെ പേരിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പാർട്ടി ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.(BRS suspends KCR's daughter K Kavitha over anti-party activities )
കവിതയെ പാർട്ടിയിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ പുറത്താക്കാൻ കെ.സി.ആർ തീരുമാനിച്ചതായി ബി.ആർ.എസ് അച്ചടക്ക കാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സോമ ഭരത് കുമാറും ജനറൽ സെക്രട്ടറി (സംഘടന) ടി. രവീന്ദർ റാവുവും പറഞ്ഞു. “എം.എൽ.സി കവിതയുടെ പെരുമാറ്റവും മനോഭാവവും സമീപ ദിവസങ്ങളിലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബി.ആർ.എസ് ഹൈക്കമാൻഡ് ഗൗരവമായി എടുത്തിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളും പ്രസ്താവനകളും പാർട്ടിക്ക് ഉടനടി ദോഷം വരുത്തുന്നുണ്ടെന്ന് പാർട്ടി നേതൃത്വത്തിന് തോന്നി,” പ്രസ്താവനയിൽ പറയുന്നു.
കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ അഴിമതിയിൽ തന്റെ പിതാവിനെ ബലിയാടാക്കുകയും വൻ സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തതായി കവിത തിങ്കളാഴ്ച തന്റെ ബന്ധുക്കളായ മുൻ ജലസേചന മന്ത്രി ടി ഹരീഷ് റാവു, മുൻ എംപി ജെ സന്തോഷ് റാവു എന്നിവർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സസ്‌പെൻഷൻ.