അലൊപ്പേഷ്യ കാരണം മുടി കൊഴി‍യുന്ന അവസ്ഥ; മൊട്ടയടിച്ച തലയുമായി വിവാഹവേദിയിലെത്തി വധു; വീഡിയോ | Bride

ധീരമായ തീരുമാനം കൊണ്ട് വേറിട്ട് നിൽക്കുകയാണ് മഹിമാ ഖായ് എന്ന യുവതി.
BRIDE
TIMES KERALA
Updated on

മൊട്ടയടിച്ച തലയുമായി വിവാഹവേദിയിലെത്തി വധു. ധീരമായ തീരുമാനം കൊണ്ട് വേറിട്ട് നിൽക്കുകയാണ് മഹിമാ ഖായ് എന്ന യുവതി. സമൂഹത്തിന് സൗന്ദര്യത്തിന് ചില അളവുകോലുകളൊക്കെയുണ്ട് അല്ലേ? അതിന്റെ പുറത്ത് നിൽക്കുന്നവരെ പലപ്പോഴും ആളുകൾ ഉൾക്കൊള്ളാറില്ല. ആ സമൂഹത്തിലാണ് തന്റെ വിവാഹത്തിന് വി​ഗ്ഗോ ​ഹെയർ എക്സ്റ്റൻഷനോ ഒന്നും ഇല്ലാതെ മഹിമ എന്ന യുവതി പ്രത്യക്ഷപ്പെട്ടത്. അലോപ്പേഷ്യ(Alopecia) യാണ് മഹിമയ്ക്ക്. മുടി ക്രമാതീതമായി കൊഴിയുന്ന ഒരുതരം അവസ്ഥയാണ് അലോപ്പേഷ്യ. നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനം ദുർബലമാവുകയും ഇത് ഹെയർ ഫോളിക്കിൾസിനെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വട്ടത്തിൽ മുടി കൊഴിയലാണ് ഇതിന്റെ ആദ്യത്തെ ലക്ഷണം. (Bride)

എന്തായാലും, അലൊപ്പേഷ്യ കാരണം മുടി കൊഴി‍യുന്ന അവസ്ഥയുമായി അനേകങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവിടെയാണ് സ്വന്തം വിവാഹത്തിന് തന്നെ തലയിൽ മുടിയില്ലാതെ വേദിയിലെത്താനെടുത്ത മഹിമയുടെ തീരുമാനം ധീരമാകുന്നത്. 'സ്വയം സ്നേഹിക്കാൻ പഠിക്കുന്നതിന് മുമ്പ് തന്നെ എനിക്ക് എന്റെ മുടി നഷ്ടപ്പെട്ടു. പിന്നീടുള്ള വർഷങ്ങൾ വേദനയും ചികിത്സകളും അടക്കം പറച്ചിലുകളും നാണക്കേടും നിറഞ്ഞതായിരുന്നു' എന്നാണ് മഹിമ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. അലൊപ്പേഷ്യ അവരുടെ മുടി മാത്രമല്ല കവർന്നത്, വർഷങ്ങളോളം അവരുടെ ആത്മവിശ്വാസത്തെക്കൂടി അത് ബാധിച്ചിരുന്നു എന്നും പോസ്റ്റിൽ കാണാം.

വർഷങ്ങളെടുത്തുകൊണ്ടാണ് തന്റെ തല മൂടിവയ്ക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് അവരെത്തുന്നത്. ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ അവർ നോക്കാൻ തുടങ്ങുന്നത്. 'ഞാൻ ഒളിച്ചിരിക്കുന്നത് അവസാനിപ്പിച്ചു. മാപ്പിരക്കുന്നത് നിർത്തി. ഒടുവിൽ ഞാൻ എന്റെ തല മൊട്ടയടിച്ചു' എന്ന് മഹിമ കുറിച്ചു. ആ തല മൊട്ടയടിക്കൽ ഒരു പ്രതിഷേധമോ ആരെയും ഞെട്ടിക്കാനോ വേണ്ടിയുള്ള ഒന്നായിരുന്നില്ല, മറിച്ച് അതൊരു ആശ്വാസമായിരുന്നു. തന്നെപ്പോലെയുള്ളവരെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത ലോകത്തിന്റെ പ്രതീക്ഷകൾക്കൊത്ത് മാറാൻ ശ്രമിച്ച കുറെ വർഷങ്ങൾക്കൊടുവിൽ, തന്നെത്തന്നെ സ്നേഹിക്കാൻ തീരുമാനിച്ച നിമിഷമായിരുന്നു അത് എന്നും മഹിമയുടെ പോസ്റ്റിൽ കാണാം.

വിവാഹവേദിയിൽ, മുടിയില്ലാതെ നിൽക്കുന്ന മഹിമയുടെ ചിത്രങ്ങൾക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയത്. വളരെ ധീരമാണ് ആ പ്രവൃത്തി എന്നും അലൊപ്പേഷ്യ കാരണം നിരാശയനുഭവിക്കുന്ന അനേകങ്ങൾക്ക് പ്രത്യാശയും പ്രചോദനവുമാണ് എന്നും ആളുകൾ കമന്റ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com