അഹമ്മദാബാദ്: വിവാഹത്തിന് ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. സാരി വാങ്ങിയതുമായി ബന്ധപ്പെട്ട പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി, സജൻ ബറയ്യക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.(Bride murdered by fiancé an hour before wedding)
കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരു കുടുംബങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് സോണിയും സജനും ഒരുമിച്ച് താമസിച്ചിരുന്നത്. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ (മുഖ്യ ചടങ്ങ് നടക്കേണ്ട ദിവസം) വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.
വിവാഹത്തിന് ധരിക്കേണ്ട സാരി വാങ്ങാനായി ചെലവഴിച്ച പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ദേഷ്യത്തിൽ സജൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സോണിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ആർ.ആർ. സിംഗൽ പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് സോണിയുടെ വീട് തകർക്കുകയും ചെയ്തു.
പോലീസ് ഉടൻ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ ഊർജിതമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ശനിയാഴ്ച സജൻ അയൽവാസിയുമായും വഴക്കുണ്ടാക്കിയിരുന്നതായും, ഇയാൾക്കെതിരെ അയൽവാസി പോലീസിൽ പരാതി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.