ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കാണാതായി. വരൻ്റെ വീട്ടിലേക്ക് മടങ്ങുന്ന യാത്രയയപ്പ് ചടങ്ങിന് തൊട്ടുമുമ്പാണ് വധു അപ്രത്യക്ഷയായത്. ഇതോടെ വരന് തനിയെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. വധുവിൻ്റെ കുടുംബത്തിനെതിരെ വരൻ്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.(Bride goes missing hours after wedding, Groom had to return alone)
പല്ലവിയും സുനിൽ കുമാർ ഗൗതവും തമ്മിലുള്ള വിവാഹം മൂന്നു മാസം മുമ്പാണ് ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 90-ഓളം അതിഥികളുമായി വരൻ്റെ ഘോഷയാത്ര ബരാബങ്കിയിലെത്തി. മാലയിടൽ ചടങ്ങിന് ശേഷം രാത്രി വൈകി വിവാഹം നടന്നു. മാലയിടലൊക്കെ കഴിഞ്ഞ ശേഷം വധൂവരന്മാർ സ്റ്റേജിൽ ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, ബുധനാഴ്ച രാവിലെ യാത്രയയപ്പ് ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പല്ലവിയെ മുറിയിൽനിന്ന് കാണാതായി. മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, വധു കാമുകനൊപ്പം ഒളിച്ചോടിയതാകാം എന്നാണ് സൂചന. വിവാഹ ചടങ്ങുകളുടെ തിരക്കിനും ക്ഷീണത്തിനും ഇടയിൽ രാത്രിയിൽ തന്നെ വധു വീട്ടിൽ നിന്ന് പോയതാകാം എന്ന് പോലീസ് സംശയിക്കുന്നു.
വധുവിനെ കാണാതായതിനെ തുടർന്ന് വരൻ്റെ കുടുംബം വധുവിൻ്റെ കുടുംബത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധു എങ്ങോട്ട് പോയെന്ന് കണ്ടെത്താനായി മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകളും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.