ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയെ പ്രതിസന്ധിയിലാക്കി മുനിസിപ്പൽ ഭരണ വകുപ്പിൽ 'ജോലിക്ക് കോഴ' നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. 25 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെ വാങ്ങി വ്യാപകമായി നിയമനങ്ങൾ നടത്തിയെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.(Bribery for job in Municipal Administration Department, DMK in trouble again)
പ്രവേശന പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ കേസെടുക്കാൻ ആവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന ഡി.ജി.പിക്ക് കത്ത് നൽകിയിരിക്കുകയാണ്.
അസിസ്റ്റന്റ് എഞ്ചിനീയർ, ടൗൺ പ്ലാനിങ് ഓഫീസർ, ജൂനിയർ എഞ്ചിനീയർ, ശുചീകരണ വിഭാഗം ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടന്നത്. 2538 തസ്തികകളിലേക്ക് 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കോഴ വാങ്ങി നിയമനം നടന്നതായാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടാണ് ഈ നിയമന ഉത്തരവുകൾ കൈമാറിയത്.
മുനിസിപ്പൽ ഭരണ മന്ത്രിയും ഡി.എം.കെയിലെ ശക്തനുമായ കെ.എൻ. നെഹ്‌റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിച്ചതെന്ന് ഇ.ഡി. വെളിപ്പെടുത്തി.
നേരത്തെ, ഡി.എം.കെ. നേതാവും മുൻ വൈദ്യുതി മന്ത്രിയുമായിരുന്ന സെന്തിൽ ബാലാജി അറസ്റ്റിലായതും 'ജോലിക്ക് കോഴ'യുമായി ബന്ധപ്പെട്ട കേസിൽ തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ ആരോപണം ഡി.എം.കെ. സർക്കാരിന് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.