ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ കള്ളവോട്ടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സത്യമാണെന്ന് സ്ഥിരീകരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ്സ രംഗത്തെത്തി. തൻ്റെ പഴയ ചിത്രം തട്ടിപ്പിനായി ഉപയോഗിച്ചതിലുള്ള ഞെട്ടൽ പ്രകടിപ്പിച്ചുകൊണ്ടാണ് ലാരിസ്സ വീഡിയോ സന്ദേശം പുറത്തുവിട്ടത്. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ലാരിസ്സയുടെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം 'എക്സി'ൽ (X) പങ്കുവെച്ചത്.(Brazilian model 'Larissa' on voter list fraud responds)
"എൻ്റെ പഴയ ഫോട്ടോയാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. എന്നെ തട്ടിപ്പിനായി ഉപയോഗിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. ഇതെന്ത് ഭ്രാന്താണ്? ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്?," ലാരിസ്സ ചോദിക്കുന്നു. സംഭവത്തിന് പിന്നാലെ നിരവധി പേർ തൻ്റെ അഭിമുഖത്തിനായി ഇന്ത്യയിൽനിന്ന് ബന്ധപ്പെടുന്നുണ്ടെന്നും അവർ പ്രതികരിച്ചു.
ഹരിയാണയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലെ പ്രധാന തെളിവുകളിലൊന്ന് ഈ ചിത്രമായിരുന്നു.
ഹരിയാണയിൽ 'സ്വീറ്റി' എന്നതുൾപ്പെടെ പല പേരുകളിലായി 10 ബൂത്തുകളിലായി 22 വോട്ടുകൾ ചെയ്തെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഈ 22 പേരുടെയും പേരുകൾക്കൊപ്പമുള്ള വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് ബ്രസീലിയൻ മോഡലിന്റെ ചിത്രമാണ്.
2024ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വ്യാജവോട്ടുകൾ രേഖപ്പെടുത്തിയെന്ന് തെളിവുകൾ സഹിതം തൻ്റെ സംഘം കണ്ടെത്തിയെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. ഹരിയാണയിലെ എട്ട് വോട്ടർമാരിൽ ഒരാൾ വ്യാജനാണെന്നും 2 കോടി വോട്ടർമാരിൽ 25 ലക്ഷം പേരും വ്യാജന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർ എൻട്രികൾ കണ്ടെത്തിയെന്നും, അവയിൽ ചിലതിൽ വ്യത്യസ്ത പേരുകളിൽ ഒരേ ഫോട്ടോ ഉപയോഗിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.