
മുംബൈ: ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമാകുന്നതിനിടെ പ്രതിഷേധങ്ങൾ തെരുവിലേക്കും നീണ്ടു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുമായി ശിവസേന (യുബിടി) പ്രവർത്തകർ റോഡിലിറങ്ങി. പ്രതിഷേധത്തിനിടെ ഒരു ടെലിവിഷൻ സെറ്റ് അടിച്ചു തകർക്കുകയും ചെയ്തു.
ഏപ്രിൽ 22നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനും പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന ആദ്യ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരമാണ് ഇന്ന് നടക്കുന്നത്. ഭീകരാക്രമണത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുൻപു മത്സരം സംഘടിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. സൈബറിടങ്ങളിൽ മാസങ്ങളായി ബഹിഷ്കരണ ആഹ്വാനമുണ്ടായിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. മത്സരം കാണരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ച ഉദ്ധവ് താക്കറെ, തന്റെ പാർട്ടിയുടെ വനിതാ പ്രവർത്തകർ സിന്ദൂരം ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞു.
‘‘ഞങ്ങൾ സിന്ദൂരം തപാലിലൂടെയും മറ്റ് ഔദ്യോഗിക മാർഗങ്ങളിലൂടെയും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കും. മുംബൈയിൽനിന്നു മാത്രമല്ല, മഹാരാഷ്ട്രയിൽനിന്ന് ഉടനീളം ഇതു ചെയ്യും. ഞങ്ങളുടെ സഹോദരിമാരുടെ ഭർത്താക്കന്മാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ഞങ്ങൾ പ്രധാനമന്ത്രിയോട് പറയും.’’– ശിവസേന (യുബിടി) നേതാവും മുൻ മുംബൈ മേയറുമായ കിഷോരി പെഡ്‌നേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കറി റോഡിൽ പ്രതിഷേധം നടത്തിയ ശിവസേന പ്രവർത്തകർ, ഇന്ത്യ– പാക്ക് മത്സരത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. കാൻഡിവാലിയിൽ പ്രതിഷേധക്കാർ ഒരു ടിവി സെറ്റ് നശിപ്പിച്ചു. ക്രിക്കറ്റ് ബാറ്റു കൊണ്ടാണ് ടിവി തല്ലിതർത്തത്. പിന്നീട് നിലത്തിട്ട് ചവിട്ടുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം.
മത്സരം ബഹിഷ്കരിക്കാൻ ഇനിയും സാധിക്കുമെന്ന് ഉദ്ധവ് താക്കറെയുടെ മകനും ശിവസേന എംഎൽഎയുമായ ആദിത്യ താക്കറെ പറഞ്ഞു. "പണത്തോടുള്ള അത്യാഗ്രഹത്തിന്റേതല്ല, മറിച്ച് ഇന്ത്യക്കാരുടെയാണ് ഇന്ത്യയെന്ന് കാണിക്കാൻ ബിസിസിഐക്ക് ഇനിയും സാധിക്കും. ബിസിസിഐക്ക് ഇപ്പോഴും അവർ ദേശവിരുദ്ധരല്ലെന്ന് തെളിയിക്കാൻ കഴിയും.’’– എക്സ് പോസ്റ്റിൽ ആദിത്യ താക്കറെ പറഞ്ഞു.