
അംഗോള: ഉത്തര കന്നടയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ ഗംഗാവലി നദിയിൽനിന്ന് ഞായറാഴ്ച കണ്ടെത്തിയത് പശുവിന്റെ എല്ല്. മംഗളൂരുവിലെ ലാബ് ഇക്കാര്യം സ്ഥിരീകരിച്ചാതായി ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കി. മനുഷ്യന്‍റെ കൈയുടെ അസ്ഥിയാണ് കണ്ടെത്തിയതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കണ്ടെത്തിയത് പശുവിന്‍റെ എല്ലാണെന്ന് പ്രാഥമിക പരിശോധനയിൽതന്നെ വ്യക്തമായി.
അതേസമയം ഡ്രഡ്ജർ കൊണ്ടുവന്ന് നടത്തുന്ന തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി, ഇത് അർജുന്റെ ലോറിയുടേതല്ല. ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തിയിരുന്നു. നാവിക സേനയുടെ സോണാർ പരിശോധനയിൽ ശക്തമായ സിഗ്നൽ കിട്ടിയ ഭാഗത്താണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തിയിട്ടുണ്ട്.