ജലന്ധർ: പഞ്ചാബിലെ ജലന്ധർ നഗരത്തിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് പരിഭ്രാന്തി. സ്കൂൾ പ്രിൻസിപ്പൽമാർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് അധികൃതർ വിദ്യാർത്ഥികളെ ഉടൻ തന്നെ സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു.(Bomb threat to several schools in Punjab, Students evacuated, inspection continues)
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്കൂളുകളിൽ പരിശോധന ആരംഭിച്ചു. ആന്റി-സാബോട്ടേജ് ടീമും സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നുണ്ട്. ഇതുവരെ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് എ.സി.പി. നോർത്ത് സഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
"വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് മാത്രമാണ് ഞങ്ങളോട് പറഞ്ഞത്, കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു," ഒരു രക്ഷിതാവ് പ്രതികരിച്ചു. കെട്ടിടം ബോംബ് വെച്ച് തകർക്കുമെന്നാണ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയിരുന്നത്.
പോലീസിന്റെ സൈബർ വിഭാഗം ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ചു വരികയാണ്. സമാനമായ ഭീഷണി മറ്റ് സ്കൂളുകൾക്കും ലഭിച്ചിട്ടുണ്ട്. ഡിസംബർ 12-ന് അമൃത്സറിലെ നിരവധി സ്കൂളുകൾക്കും ഇത്തരത്തിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു, എന്നാൽ അത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.