ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.(Bomb threat to 3 flights at Hyderabad airport)
ഭീഷണി സന്ദേശം ലഭിച്ച വിമാനങ്ങൾ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം (BA 277), ലുഫ്താൻസ വിമാനം (LH 752), കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം (6E 7178) എന്നിവയ്ക്കാണ്. ഭീഷണി സന്ദേശം ലഭിച്ചെങ്കിലും, എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാനം സമയക്രമമനുസരിച്ചുമാണ് ഇറങ്ങിയത്.
മുന്നറിയിപ്പ് ലഭിച്ച ഉടൻ വിമാനത്താവള അധികൃതർ അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ സ്വീകരിച്ചു. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റി. യാത്രക്കാരെയും ലഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകളെയും ഡോഗ് സ്ക്വാഡുകളെയും വിന്യസിച്ച് വിമാനവും പരിസരവും പരിശോധിച്ചു.
എല്ലാ സുരക്ഷാ ഡ്രില്ലുകളും പൂർത്തിയാക്കിയ ശേഷം നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.