

പൂനെ: ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ ഫ്ലൈറ്റ് 6E 2608 വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ. വ്യാഴാഴ്ച രാത്രി പൂനെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വിമാനത്തിനുള്ളിൽ നിന്ന് ഭീഷണി സന്ദേശം കണ്ടെത്തിയത്. എന്നാൽ സുരക്ഷാ ഏജൻസികൾ നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.(Bomb threat on Delhi-Pune IndiGo flight)
വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഭീഷണി സന്ദേശം അടങ്ങിയ കൈപ്പടയിൽ എഴുതിയ കുറിപ്പ് കണ്ടെത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമായിരുന്നു ഈ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും തുടർന്ന് വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.
രാത്രി 8:40-ന് എത്തേണ്ട വിമാനം 9:24-നാണ് ലാൻഡ് ചെയ്തത്. 9:27-ഓടെ ബേ നമ്പർ 3-ൽ നിർത്തിയിട്ടിരുന്ന വിമാനം ഭീഷണി സന്ദേശത്തെത്തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബോംബ് ഭീഷണി വിലയിരുത്തൽ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡ് (BDDS) വിമാനത്തിനുള്ളിലും ലഗേജുകളിലും വിശദമായ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് വിമാനം പിന്നീട് സാധാരണ സർവീസുകൾക്കായി വിട്ടുനൽകി. അഞ്ച് ദിവസത്തിനിടെ ഇൻഡിഗോ വിമാനത്തിന് ലഭിക്കുന്ന രണ്ടാമത്തെ വ്യാജ ബോംബ് ഭീഷണിയാണിത്.