
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആൽവാർപേട്ടിലുള്ള വസതിയിൽ ബോംബ് ഭീഷണി(Bomb threat). ഇന്ന് പുലർച്ചെയാണ് അജ്ഞാതനായ ഒരാൾ ചെന്നൈ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരു സ്നിഫർ ഡോഗ് യൂണിറ്റും ബോംബ് സ്ക്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, ഒരു മണിക്കൂറിലധികം നീണ്ടു നിന്ന വിശദമായ പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൊബൈൽ ഫോണിൽ നിന്നാണ് വിളിച്ചതെന്നും നമ്പർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും വിളിച്ചയാളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.