
ബിലാസ്പൂർ: ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ ബോംബ് ഭീഷണി(Bomb threat). ഇമെയിൽ സന്ദേശം വഴിയാണ് ഭീഷണി ലഭിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഹൈക്കോടതിയുടെ ഔദ്യോഗിക ഇമെയിലിലാണ് സന്ദേശം എത്തിയത്. "ഹൈക്കോടതിയിൽ ഒരു ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച വൈകുന്നേരം 6.45 ഓടെ ഞങ്ങൾ അത് പൊട്ടിത്തെറിക്കുമെന്നും" - ആയിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി.
രണ്ട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും ഒരു ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഇന്നും കോടതി വളപ്പിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.