

ഡൽഹി : തുടർച്ചയായ രണ്ടാം ദിനത്തിലും അജ്ഞാത ഭീഷണി സന്ദേശത്തിൽ വലഞ്ഞ് എയർ ഇന്ത്യ. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വൈകീട്ട് 3 മണിയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്.ബുധനാഴ്ച ഇൻഡിഗോ എയർലൈനിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന്, ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവയുൾപ്പെടെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു.
മുംബൈയിൽ നിന്ന് വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബുധനാഴ്ച ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തുകയും സുരക്ഷാ പരിശോധനയ്ക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.