
പട്ന : സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ നിന്നും പുറത്ത് പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ. ബീഹാറിലെ മോതിഹാരി ജില്ലയിലെ സുഗൗളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെൽവാട്ടിയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശവാസിയായ 20 കാരൻ, തുണ്ടുൻ കുമാറിന്റെ മൃതദേഹമാണ് ഗ്രാമത്തിനടുത്തുള്ള ഒരു കരിമ്പിൻ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. അതേസമയം , സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
സെപ്റ്റംബർ 25 ന് വൈകുന്നേരം തുണ്ടുൻ കുമാർ തന്റെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും രാത്രി വൈകിയും വീട്ടിൽ തിരികെ എത്തിയില്ല എന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം, വെള്ളിയാഴ്ച ചില ഗ്രാമീണ സ്ത്രീകൾ അദ്ദേഹത്തിന്റെ മൃതദേഹം ഒരു വയലിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്. മരിച്ച യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേർ കസ്റ്റഡിയിൽ ഉള്ളതായും റിപ്പോർട്ടുണ്ട്.