
പട്ന: ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാബർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സംഭവം. ഹുസൈനാബാദ് മൊഗൽപുര ജെയിലെ താമസക്കാരനായ മുഹമ്മദ് നസിം ഖുറേഷിയുടെ മകൻ മുഹമ്മദ് ഛോട്ടു ഖുറേഷിയുടെ മൃതദേഹമാണ് കൊവാലി മൈതാനത്ത് ഒരു ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള മുറിവുകളുടെ പാടുകൾ ഉണ്ട്, അതിനാൽ തന്നെ സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവം അറിഞ്ഞ ഉടൻ ബാബർഗഞ്ച് പോലീസ് സ്റ്റേഷൻ പോലീസും സിറ്റി ഡിഎസ്പി 2 രാകേഷ് കുമാറും സ്ഥലത്തെത്തി കേസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസ് എല്ലാ സാധ്യമായ കോണുകളിൽ നിന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മകൻ ഛോട്ടു വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും രാത്രി വരെ തിരിച്ചെത്തിയില്ല. വെള്ളിയാഴ്ച രാവിലെ, കോവാലി ഗ്രൗണ്ടിൽ ഒരു ചാക്ക് കിടക്കുന്നത് കണ്ടപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി. പോലീസിനെ വിവരമറിയിക്കുകയും ചാക്ക് തുറന്നപ്പോൾ ഛോട്ടു ഖുറേഷിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അതേസമയം , മോഷണം, ട്രെയിനിലെ പിടിച്ചുപറി തുടങ്ങിയ സംഭവങ്ങളിൽ ഛോട്ടു പ്രതിയാണെന്നും,ഏതെങ്കിലും കുറ്റകൃത്യത്തിനിടെ ട്രെയിനിൽ നിന്ന് വീണതായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇതിനുശേഷം, അയാളുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ കൂട്ടാളികൾ കൊവാലി മൈതാനത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതാകാം എന്നും പോലീസ് സംശയിക്കുന്നു.
അതേസമയം , കൊല്ലപ്പെട്ട ഛോട്ടുവിന്റെ ഭാര്യയും നാല് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നെന്നും കുടുംബം വെളിപ്പെടുത്തി. ആ സമയത്ത് അവർ ഗർഭിണിയായിരുന്നു, ചില കുറ്റവാളികൾ വീട്ടിൽ കയറി അവരെ വെടിവച്ചു കൊന്നു. മുമ്പും കുടുംബത്തെ കുറ്റവാളികൾ ആക്രമിച്ചിട്ടുണ്ട്- കുടുംബാംഗങ്ങൾ പറയുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എല്ലാ വശങ്ങളും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഡിഎസ്പി പറഞ്ഞു.