
ബീഹാർ : ഭഗവാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷേർപൂർ ഗ്രാമത്തിൽ യുവാവിനെ ആസിഡ് ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തിയതയായി റിപ്പോർട്ട്. ബിഹാറിലെ ബെഗുസാരായിയിൽ നിന്ന് ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. പ്രദേശവാസിയായ കനയ്യ റാമിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു.
ഷേർപൂർ വാർഡ് -10 ലെ താമസക്കാരനായ കൻഹയ്യ റാം എന്ന രമേശ് റാം ആണ് ആസിഡ് ഒഴിച്ച് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗ്രാമത്തിലെ അപ്‌ഗ്രേഡഡ് മിഡിൽ സ്കൂളിന് സമീപമുള്ള ഒരു വയലിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ജൂലൈ 23 ന് കനയ്യ വീട്ടിൽ നിന്ന് മലമൂത്ര വിസർജ്ജനത്തിനായി പോയിരുന്നെങ്കിലും തിരിച്ചെത്തിയില്ല.
അജ്ഞാതരായ കുറ്റവാളികൾ കനയ്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം വയലിൽ വലിച്ചെറിഞ്ഞുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ഭഗവാൻപൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ബെഗുസാരായി സദർ ആശുപത്രിയിലേക്ക് അയച്ചു.
മരിച്ചയാളുടെ മുഖത്ത് ആസിഡ് പുരണ്ട മുറിവുകളുണ്ടെന്നും മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ബോട്ടിലും കണ്ടെടുത്തിട്ടുണ്ടെന്നും ഭഗവാൻപൂർ എസ്എച്ച്ഒ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ. സാധ്യമായ എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്, കുറ്റവാളികൾക്കായി റെയ്ഡുകൾ ആരംഭിച്ചിട്ടുണ്ട്- പോലീസ് പറഞ്ഞു.