
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ, അജ്ഞാതനായ പുരുഷന്റെ മൃതദേഹം അടങ്ങിയ ഡ്രം കണ്ടെത്തി. കൈകളും കാലുകളും കെട്ടി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വർദ്ധിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ടത് ഒരു അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നതായാണ് പ്രാദേശിക സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്. ശരീരത്തിൽ പരിക്കുകളൊന്നുമില്ല. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറയുന്നു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കേസ് അന്വേഷണം ആരംഭിച്ച പോലീസ്, ലുധിയാനയിലെ 43 ഡ്രം നിർമ്മാതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ഡ്രം പുതിയതായി തോന്നുന്നതിനാൽ, അത് എവിടെ നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്. കൊലപാതകത്തിന് മുമ്പ് ഡ്രം വാങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. ഡ്രം കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
നഗരത്തിലെ വിവിധ കവലകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അവർ പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ വാഹനങ്ങൾ ഉണ്ടോ എന്നും അവർ അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപം നിരവധി കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നും അവരെയെല്ലാം ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു.