ചെന്നൈ: തമിഴ്‌നാട്ടിലെ കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നാം നാൾ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ 21-കാരനായ നന്ദകുമാർ ആണ് മരിച്ചത്.(Body of medical student swept away in waterfall found in Kodaikanal)
കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നന്ദകുമാർ. സുഹൃത്തുക്കളായ 10 പേർ അടങ്ങിയ സംഘത്തിനൊപ്പമാണ് ഇയാൾ കൊടൈക്കനാലിൽ എത്തിയത്. കൊടൈക്കനാൽ-വിൽപ്പട്ടി റൂട്ടിലുള്ള അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് നന്ദകുമാർ ശക്തമായ ഒഴുക്കിൽപ്പെട്ടത്.
മഴക്കാലത്ത് അതീവ മനോഹരമെങ്കിലും അഞ്ചുവീട് വെള്ളച്ചാട്ടം അപകടം നിറഞ്ഞ പ്രദേശമാണ്. ഈ സമയത്ത് വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് അധികൃതർ നിർദേശം നൽകാറുണ്ട്. നന്ദകുമാർ ഉൾപ്പെടെ അഞ്ച് പേരാണ് പാറക്കെട്ടുകൾക്കരികിൽ കുളിക്കാനിറങ്ങിയത്. മഴയ്‌ക്കൊപ്പം ശക്തമായ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പോലീസ് പറഞ്ഞു.
മോശം കാലാവസ്ഥയും വഴുക്കലും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഫയർ ഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് നന്ദകുമാറിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തിയത്.