
ചെന്നൈ: 45 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെട്ട 'തിരുമല' ക്ഷീര കമ്പനിയുടെ ട്രഷറി മാനേജരെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈകൾ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
ആന്ധ്രാപ്രദേശ് സ്വദേശി നവീൻ ബൊലിനേനി (37) ആണ് മരിച്ചത്. അവിവാഹിതനായ നവീൻ, ചെന്നൈയിലെ മാധവറത്തെ ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിലായിരുന്നു താമസം. മൂന്നുവർഷമായി മാധവരം തിരുമല നഗർ എക്സ്റ്റൻഷനിലെ പൊന്നിയമ്മൻമേട്ടിലുള്ള 'തിരുമല' ഡയറി കമ്പനിയിൽ ട്രഷറി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
ആ സമയത്ത്, കമ്പനിയിൽ നിന്ന് 44.5 കോടി രൂപ തട്ടിയെടുത്തതായി ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. കമ്പനി നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം അമ്മ വിജയലക്ഷ്മി, സഹോദരി ലക്ഷ്മി, സുഹൃത്തുക്കൾ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും പിന്നീട് അത് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ മാറ്റിയതായും നവീൻ സമ്മതിച്ചതായും പറയപ്പെടുന്നു. എന്നാൽ പണം ഗഡുക്കളായി തിരികെ നൽകുമെന്ന് പറഞ്ഞ നവീൻ ജൂൺ 26 ന് ബാങ്ക് അക്കൗണ്ട് വഴി തിരുമല മിൽക്ക് കമ്പനിക്ക് ആദ്യ ഗഡുവായി അഞ്ച് കോടി രൂപ നൽകിയതായും റിപ്പോർട്ടുണ്ട്. പിന്നാലെയാണ് ഇയാളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പുഴൽ പോലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്തു.