
ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗം ചിത്രീകരിക്കാനുള്ള ശ്രമം പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
ഹുമ്നാബാദ് റിംഗ് റോഡിലാണ് സംഭവം നടന്നത്. സൈബന്നയും സച്ചിനും എന്ന രണ്ട് ചെറുപ്പക്കാർ കൊലപാതക രംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള വസ്തുക്കളും രക്തത്തോട് സാമ്യമുള്ള ചുവന്ന ദ്രാവകവും ഉപയോഗിച്ചിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, പെട്ടന്നുള്ള കാഴ്ചയിൽ ഒരു യുവാവിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. ശേഷം ആ മൃതദേഹത്തിന്റെ മുകളിൽ ഇരുന്നു അട്ടഹസിക്കുന്ന കൊലയാളി. ഇരുവരുടെയും മുഖത്ത് രക്തം പുരണ്ടിരുന്നതുപോലെ ചുവന്ന മഷിയും തേച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ പൊതുസ്ഥലത്ത് മൃഗീയ കൊലപാതകം നടന്നുവെന്ന തോന്നൽ പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇരുവരും റീൽ ചിത്രീകരിക്കുകയാണെന്ന് ആർക്കും മനസിലായതുമില്ല. വീഡിയോ വൈറൽ ആയതിന് പിന്നാലെ പൊതുസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ച ഇരുവരെ പോലീസ് അറസ്റ്റ് ചെയ്‌തു.