കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിജെപി. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പദവി ഒഴിഞ്ഞതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ വ്യക്തമാക്കി.(BJP says CV Ananda Bose’s resignation is due to health reasons)
ഗവർണറെ പാർട്ടി ഒറ്റപ്പെടുത്തിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. രാഷ്ട്രപതിയുടെ പ്രതിനിധിയായ അദ്ദേഹത്തെ ബിജെപി എന്നും ബഹുമാനിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനന്ദ ബോസിന്റെ രാജിയെത്തുടർന്ന് ഗവർണർ പദവികളിൽ വലിയ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിച്ചേക്കും. ആർ.എൻ. രവി ബംഗാളിലേക്ക് മാറുന്നതോടെ, മണിപ്പൂർ ഗവർണർ എ.കെ. ഭല്ലയ്ക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകാനാണ് ആലോചന. ഗവർണറുടെ രാജി തന്നെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.

