

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേൽക്കുന്നു (BJP National President Nitin Nabin). ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിതിൻ നവീനും സ്ഥാനമൊഴിയുന്ന ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയും ചേർന്ന് സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളും പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പുതിയ അധ്യക്ഷനെ വരവേൽക്കാൻ വൻ ആഘോഷങ്ങളാണ് ബിജെപി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ബിജെപിയുടെ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിന് പിന്നാലെയാണ് നിതിൻ നവീൻ ചുമതലയേൽക്കുന്നത്. രാജ്യത്തെ 36 സംസ്ഥാന ഘടകങ്ങളിൽ 30 എണ്ണത്തിലും പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതോടെയാണ് ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലായത്. ജനുവരി 16-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിതിൻ നവീനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ 37 സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്.
നിലവിൽ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിതിൻ നവീൻ. ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മറ്റ് സ്ഥാനാർത്ഥികൾ ആരും പത്രിക സമർപ്പിക്കാത്ത സാഹചര്യത്തിൽ നിതിൻ നവീന്റെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിലും നിതിൻ നവീന്റെ നേതൃത്വം നിർണ്ണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
Nitin Nabin is set to take charge as the new National President of the Bharatiya Janata Party (BJP) today in New Delhi. Prime Minister Narendra Modi, along with Amit Shah and Rajnath Singh, arrived at the party headquarters to witness the transition from outgoing chief J.P. Nadda. Nabin’s election was finalized after he received 37 sets of nominations from top leadership, marking a new chapter for the party’s organizational structure.