
ഗുജറാത്ത് : അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും കൊല്ലപ്പെട്ടു. തന്റെ മകളെയും ഭാര്യയെയും കാണാന്‍ ലണ്ടനിലേക്ക് പോകുമ്പോളായിരുന്നു അപകടം ഉണ്ടായത്.
ഫ്ലൈറ്റ് പാസഞ്ചർ ലിസ്റ്റിൽ പന്ത്രണ്ടാമത്തെ യാത്രികനായിരുന്നു വിജയ് രൂപാണി. പന്ത്രണ്ട് മണിയോടെയാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. ബിസിനസ് ക്ലാസിലെ 2D സീറ്റിലായിരുന്നു വിജയ് രൂപാണിയുടെ യാത്ര.
ഗുജറാത്തിലെ തലയെടുപ്പുള്ള ബിജെപി നേതാക്കളില്‍ പ്രധാനിയായിരുന്നു അന്തരിച്ച വിജയ് രൂപാണി. പതിനഞ്ചാം വയസ്സില്‍ ആര്‍എസ്എസിലൂടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ സംഘടനാ ജീവിതം.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 1978 മുതല്‍ 81 വരെ ആര്‍എസ് എസ് പ്രചാരക്. രാജ്‌കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് , സംസ്ഥാനജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.2006 മുതല്‍ 2012 വരെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. 2014-ല്‍ നടന്ന ഉപ-തിരഞ്ഞെടുപ്പില്‍ രാജ്കോട്ട് വെസ്റ്റില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായി. ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.
2017-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്കോട്ട് വെസ്റ്റില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തിയ രൂപാണി 2021 വരെ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നു. 2021 സെപ്റ്റംബര്‍ 12ന് മുഖ്യമന്ത്രി പദം രാജിവച്ചു.
അതേ സമയം, അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് 1.39 ന് പുറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനകം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.