ന്യൂഡൽഹി : ഹരിദ്വാറിലെ ജ്വാലാപൂരിൽ നിന്നുള്ള മുൻ എംഎൽഎ സുരേഷ് റാത്തോഡിനെ രണ്ടാം വിവാഹത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആറ് വർഷത്തേക്ക് പുറത്താക്കി. റാത്തോഡിന്റെ രണ്ടാം വിവാഹത്തെ വിമർശിച്ച കോൺഗ്രസ്, ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്ത് അടുത്തിടെ നടപ്പിലാക്കിയ യൂണിയൻഫോം സിവിൽ കോഡ് നിയമപ്രകാരം അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.(BJP expels Uttarakhand ex-MLA over second marriage)
സഹാറൻപൂർ ആസ്ഥാനമായുള്ള നടി ഊർമിള സനവാറുമായുള്ള തന്റെ വിവാഹബന്ധം റാത്തോഡ് അടുത്തിടെ പരസ്യമാക്കിയതിനെ തുടർന്നാണ് ബിജെപിയുടെ നടപടി. വിവാദത്തിന് മറുപടിയായി, അച്ചടക്കമില്ലായ്മയും പാർട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തിയതും ചൂണ്ടിക്കാട്ടി ബിജെപി റാത്തോഡിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നിരുന്നാലും, നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ പ്രതികരണം നൽകാത്തതിനെത്തുടർന്ന് പാർട്ടി കർശന നടപടിയെടുക്കുകയും ആറ് വർഷത്തേക്ക് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. റാത്തോഡിന്റെ പെരുമാറ്റം "പാർട്ടിയുടെ അച്ചടക്കത്തിനും മാന്യതയ്ക്കും എതിരായിരുന്നു" എന്നും അത് ബിജെപിയുടെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.