
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രസിദ്ധീകരിച്ച ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നിമിഷങ്ങൾക്കകം പിന്‍വലിച്ച് ബി ജെ പി. രാവിലെ ബി ജെ പി പ്രസിദ്ധീകരിച്ചത് 44 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ്. ഇത് പിന്നീട് ബി ജെ പി കേന്ദ്രനേതൃത്വം പിന്‍വലിക്കുകയായിരുന്നു.
ശേഷം 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 3 പ്രമുഖരുടെ പേരുകൾ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. പട്ടികയിൽ കാണാതായത് ജമ്മു കശ്മീര്‍ ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ ഉപ മുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവിന്ദര്‍ ഗുപ്ത എന്നിവരുടെ പേരുകളാണ്.
എന്നാൽ, പട്ടികയിൽ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ്ങിൻ്റെ സഹോദരന്‍ ദേവേന്ദ്ര റാണയുടെ പേരുണ്ട്. ആദ്യത്തെ പട്ടിക പിൻവലിച്ച് പുതിയ പട്ടിക പുറത്തുവിട്ടതിന് ബി ജെ പി കേന്ദ്രനേതൃത്വം നൽകിയിരിക്കുന്ന വിശദീകരണം പ്രസിദ്ധീകരിച്ചത് ആദ്യഘട്ടത്തിലെ സ്ഥാനാർഥി പട്ടികയാണ് എന്നാണ്.
ആദ്യ പട്ടികയിൽ രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്ലീം സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. 90 അംഗ നിയമസഭയാണ് കശ്മീരിലേത്. മൂന്നു ഘട്ടമായി സെപ്റ്റംബര്‍ 15, 28, ഒക്ടോബര്‍ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.