

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുമ്പോൾ കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും(Justice Yashwant Verma). ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനാണ് സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതി ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കമ്മിറ്റിയുടെ കണ്ടെത്തലുകളെ തുടർന്ന് ജസ്റ്റിസ് വർമ്മ രാജിവയ്ക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ, രാജിവയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, അന്നത്തെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന, ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര സർക്കാർ ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യത പരിശോധിച്ചുകൊണ്ടിരിക്കെയാണ് ബിജെപിയും കോൺഗ്രസും ഈ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.