
ന്യൂഡല്‍ഹി: ബിറ്റ്കോയിന്‍ അഴിമതിയില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇടപാടുകളില്‍ അദ്ദേഹം ഒരു ഇടനിലക്കാരന്‍ മാത്രമല്ല, ഗുണഭോക്തൃ ഉടമ കൂടിയായിരുന്നുവെന്ന് ഇഡി വ്യക്തമാക്കി.
കുന്ദ്രയുടെ കൈവശം നിലവില്‍ 150.47 കോടി വിലമതിക്കുന്ന 285 ബിറ്റ്‌കോയിനുകളുണ്ട്. ക്രിപ്റ്റോ അഴിമതിയുടെ മുഖ്യ സൂത്രധാരനായ അന്തരിച്ച അമിത് ഭരദ്വാജില്‍ നിന്നാണ് കുന്ദ്രയ്ക്ക് ബിറ്റ്‌കോയിനുകള്‍ ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം പ്രത്യേക കോടതിയില്‍ അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ചു.
ബിറ്റ്കോയിന്‍ വാലറ്റ് വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കുന്ദ്ര മനഃപൂര്‍വ്വം മറച്ചുവെച്ചുവെന്നും ഭരദ്വാജില്‍ നിന്ന് ലഭിച്ച ബിറ്റ്കോയിനുകള്‍ നിക്ഷേപിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റകൃത്യത്തില്‍ നിന്ന് ലഭിച്ച പണം (ബിറ്റ്കോയിനുകള്‍) കുന്ദ്ര തുടര്‍ന്നും കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്ന് ഇഡി വ്യക്തമാക്കി.