ഭയപ്പെടുത്തുന്ന ദൃശ്യം; എതിരെ വന്ന പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ച് ബൈക്ക് യാത്രക്കാരൻ, ഭയന്ന് പോയ കുട്ടി, വീഡിയോ | Bike

ഒരു തെരുവിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പെണ്‍കുട്ടികൾ സംസാരിച്ച് കൊണ്ട് വരുന്നത് കാണാം
Bike rider
TIMES KERALA
Updated on

ഹത്രാസ് എന്ന് കേൾക്കുമ്പോൾ ഇന്ത്യയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഒരു ബലാത്സംഗ കേസാണ് ആദ്യം ഓ‍ർമ്മയിലേക്ക് എത്തുക. 2020 സെപ്തബർ 14 ന് 19 വയസുള്ള ഒരു പെണ്‍കുട്ടിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി ദില്ലിയിലെ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. ഇത്രയും നീചമായൊരു കുറ്റ കൃത്യം നടന്ന പ്രദേശം പക്ഷേ, ഇന്നും പെണ്‍കുട്ടികൾക്ക് സുരക്ഷിതമല്ലെന്നാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ തെളിവ് നല്‍കുന്നത്. ഏറ്റവും ഒടുവിലായി ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവുവിലെ ഒരു തെരുവിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെ കുറിച്ച് വലിയ ആശങ്കൾ ഉയർത്തുകയും ചെയ്തു. (Bike)

ഒരു തെരുവിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പെണ്‍കുട്ടികൾ സംസാരിച്ച് കൊണ്ട് വരുന്നത് കാണാം. അല്പ നിമിഷങ്ങൾക്ക് ശേഷം ഹെല്‍മറ്റ് പോലുമില്ലാതെ ട്രിപ്പിളെടുത്ത് പോകുന്ന ഒരു ബൈക്ക് പെണ്‍കുട്ടികളുടെ എതിരെ വരുന്നത് കാണാം. കുട്ടികളെ തട്ടി തട്ടിയില്ലെന്ന തരത്തിൽ ബൈക്ക് കടന്ന് പോകുന്നതിനിടെ ബൈക്കിലിരുന്ന ഒരാൾ പെണ്‍കുട്ടികളിൽ ഒരാളുടെ മുഖത്ത് അടിക്കുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ പെണ്‍കുട്ടി ഭയന്ന് പോകുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ ബൈക്ക് മുന്നോട്ട് പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തം.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായ പ്രതികരണവുമായി എത്തി. പെതു സ്ഥലത്ത് പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും സമാധാനത്തോടെ ഇറങ്ങി നടക്കാൻ പറ്റാത്തതരത്തിലേക്ക് സംസ്ഥാനത്തിന്‍റെ ക്രമസമാധാനം തക‍ർന്നെന്ന് നിരവധി പേരാണ് കുറിച്ചത്. ഏതാണ്ട് മൂന്ന് മണിക്കൂർ മുമ്പ് പങ്കുവച്ച വീഡിയോ ഇതിനകം പതിനായിരത്തിമേലെ ആളുകളാണ് കണ്ടത്.

തെരുവുകളിലെ പീഡനം വർദ്ധിക്കുന്നുവെന്നും പൊതു ഇടങ്ങളിൽ സ്ത്രീ സുരക്ഷ നഷ്ടപ്പെടുന്നതിന്‍റെയും സൂചനയാണിതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള തിരക്കേറിയ പ്രദേശമാണിതെന്ന് അറിഞ്ഞിട്ടും അക്രമികൾ ആത്മവിശ്വാസത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ചിലർ ചൂണ്ടിക്കാട്ടി. നഗരത്തിലെ ചില ഭാഗങ്ങളിൽ ഇത്തരം പ്രവൃത്തികൾ വർദ്ധിച്ചുവരുന്നതായി ചില പ്രദേശവാസികൾ എഴുതി. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി. ഇതോടെ പോസ്റ്റിന് മറുപടിയുമായി പോലീസും രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തിയെന്നും നരേഷ് ചന്ദ്ര ഉപാധ്യായയുടെ മകൻ അങ്കുഷിനെ അറസ്റ്റ് ചെയ്തെന്നും കുറിച്ച പോലീസ് ഒരു യുവാവിന്‍റെ ചിത്രവും പങ്കുവച്ചു.

Related Stories

No stories found.
Times Kerala
timeskerala.com