

ന്യൂഡൽഹി: റോഡപകടങ്ങളുടെ ഭീകര ദൃശ്യങ്ങൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെ, പൊതുനിരത്തിലെ അശ്രദ്ധയുടെ ഭീകരത വെളിവാക്കുന്ന മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. പാതിരാത്രിയിൽ ഹൈവേയിൽ സ്റ്റണ്ട് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു ബൈക്കുകളിലുമായി സഞ്ചരിച്ച ഒരു യുവതി ഉൾപ്പെടെ നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
വൈറലായ വീഡിയോയിൽ, ഒരു യുവാവും യുവതിയും സഞ്ചരിച്ച ബൈക്ക് മുൻചക്രം ഉയർത്തി (വീലി) അമിതവേഗതയിൽ മുന്നോട്ട് നീങ്ങുന്നത് കാണാം. ഇവരെ പിന്തുടർന്ന് മറ്റ് ബൈക്കുകളിൽ സ്റ്റണ്ടിൻ്റെ ഭാഗമായവരും ദൃശ്യങ്ങൾ പകർത്തുന്നവരും ഉണ്ടായിരുന്നു.സ്റ്റണ്ടിൽ ഏർപ്പെട്ടവരും ഒപ്പമുള്ളവരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതിവേഗത്തിൽ മുന്നോട്ട് നീങ്ങുന്നതിനിടെ, സ്റ്റണ്ട് ചെയ്ത ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യാത്രികർ റോഡിലേക്ക് വീഴുന്നു.
അപകടം അവിടെ അവസാനിച്ചില്ല. തൊട്ടുപിന്നാലെ വന്ന മറ്റൊരു ബൈക്ക്, ആദ്യം അപകടത്തിൽപ്പെട്ട ബൈക്കിലും പിന്നാലെ യുവതിയുടെ കാലിലൂടെയും കയറുന്നു. ഈ ഇടിയിൽ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീഴുന്നതും കാണാം.
രണ്ട് പേർക്ക് കാര്യമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വെറുമൊരു സാഹസിക പ്രകടനമായി തുടങ്ങിയത്, നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട് ഗുരുതരമായ അപകടമായി മാറുന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. സ്വന്തം സുരക്ഷയെക്കുറിച്ചോ മറ്റ് യാത്രക്കാരെക്കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാത്ത ഇത്തരം സ്റ്റണ്ടുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.