
പട്‌ന: അച്ചടക്കവും ഏകീകൃതത്വവും പാലിക്കാൻ ഡ്യൂട്ടിയിലുള്ള വനിതാ ഉദ്യോഗസ്ഥരുടെ ആഭരണങ്ങളും മേക്കപ്പും നിരോധിച്ച് ബീഹാർ പോലീസ്(Bihar Police). തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ് കർശനമായും പാലിക്കേണ്ട ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കുലർ പ്രകാരം കോൺസ്റ്റബിൾമാർ, സബ് ഇൻസ്പെക്ടർമാർ, ഇൻസ്പെക്ടർമാർ തുടങ്ങിയ വനിതാ ഉദ്യോഗസ്ഥർ ആഭരണങ്ങളോ സൗന്ദര്യവർദ്ധക വസ്തുക്കളോ ധരിച്ച് ഡ്യൂട്ടിക്ക് ഹാജരാകാൻ പാടില്ല.
റേഞ്ച് ഐ.ജിമാർ, എസ്എസ്പിമാർ, എസ്പിമാർ എന്നിവരുൾപ്പെടെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും കർശനമായും ഇവ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഡ്യൂട്ടി സമയത്തെ അച്ചടക്കത്തെയും മാന്യതയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. കർശനമായും പാലിക്കേണ്ട ഈ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ അച്ചടക്ക നടപടിക്ക് കാരണമായേക്കാമെന്ന് ഉത്തരവ് മുന്നറിയിപ്പ് നൽകുന്നു.