

മധുബാനി: ബിഹാറിലെ മധുബാനി ജില്ലയിൽ ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് യുവാവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. രാജ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്ദയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
സുപോൾ ജില്ലയിലെ ബിർപൂർ സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ ബംഗ്ലാദേശിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒരു സംഘം യുവാക്കൾ ഇയാളെ തടഞ്ഞുനിർത്തുകയും ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. രാജ്നഗർ നിവാസികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു.
കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് മധുബാനി എസ്.പി യോഗേന്ദ്ര കുമാർ അറിയിച്ചു.മർദനത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും പ്രകോപനപരമായ സന്ദേശങ്ങൾ നൽകുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിലനിൽക്കുന്ന കുടിയേറ്റ വിരുദ്ധ വികാരത്തെ മുതലെടുത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.