പട്‌ന: പുതിയ എൻ.ഡി.എ. സർക്കാർ നാളെ ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ആഭ്യന്തര വകുപ്പും സ്പീക്കർ സ്ഥാനവും സംബന്ധിച്ച് സഖ്യകക്ഷികളായ ബി.ജെ.പി.യും ജെ.ഡി.യുവും തമ്മിൽ തർക്കം. സഖ്യത്തിൽ കൂടുതൽ സീറ്റ് നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.യുവിന് വിട്ടുനൽകിയ സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പ് ലഭിക്കുന്ന കാര്യത്തിൽ ജെ.ഡി.യു. വിട്ടുവീഴ്ച ചെയ്യണമെന്നാണ് ബി.ജെ.പി.യുടെ നിലപാട്.(Bihar government formation, Swearing-in ceremony tomorrow)
കഴിഞ്ഞ തവണ കൈവശമുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് വിട്ടുനൽകാൻ ജെ.ഡി.യുവിന് താൽപര്യമില്ല. ബി.ജെ.പി. വിദ്യാഭ്യാസ വകുപ്പിലും അവകാശവാദം ഉന്നയിക്കുന്നുണ്ട്. പകരം ധനകാര്യം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ജെ.ഡി.യുവിന് നൽകാമെന്നാണ് ബി.ജെ.പി.യുടെ ഓഫർ. വിഷയത്തിൽ അന്തിമ ധാരണയിലെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ട് പട്‌നയിൽ എൻ.ഡി.എ.യുടെ നിയമസഭാ കക്ഷിയോഗം ചേരും.
മുഖ്യമന്ത്രി പദത്തിൽ പത്താം ഊഴത്തിനായി നിതീഷ് കുമാർ വീണ്ടും എത്തുകയാണ്. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങൾക്കും ജെ.പി. പ്രസ്ഥാനങ്ങൾക്കുമൊക്കെ സാക്ഷിയായ പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നാളെ രാവിലെ 11:30-നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിന് രണ്ട് ലക്ഷം പേരെങ്കിലും സാക്ഷിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് കുമാറിനൊപ്പം 20-ൽ അധികം പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.