ഗുണ: ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ തർക്കത്തിൽ 22 വയസ്സുകാരനെ മാതൃസഹോദരങ്ങൾ ക്രൂരമായി കൊലപ്പെടുത്തി. ബിഹാർ സ്വദേശിയും ശിവഹാർ ജില്ലയിലെ തൊഴിലാളിയുമായ ശങ്കർ മാഞ്ചിയാണ് കൊല്ലപ്പെട്ടത്.(Bihar election dispute ends in murder, 22-year-old killed)
തിങ്കളാഴ്ച വൈകീട്ട് കാന്റ് പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശങ്കറിന്റെ മാതൃസഹോദരന്മാരായ രാജേഷ് മാഞ്ചി (25), തൂഫാനി മാഞ്ചി (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ശങ്കർ ആർ.ജെ.ഡി. അനുഭാവിയായിരുന്നു. എന്നാൽ, അറസ്റ്റിലായ പ്രതികൾ രണ്ടുപേരും ജെ.ഡി.യുവിനെ പിന്തുണയ്ക്കുന്നവരായിരുന്നു.
മൂവരും മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബിഹാർ തിരഞ്ഞെടുപ്പ് ഫലം വിഷയമായതോടെ വാക്കേറ്റം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അനൂപ് ഭാർഗവ നൽകിയ വിവരം അനുസരിച്ച്, പ്രതികൾ ശങ്കറിനെ സമീപത്തുള്ള ചതുപ്പ് നിലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികളായ രാജേഷിനെയും തൂഫാനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇരുവരും കൊലപാതകം സമ്മതിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.