പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ബൂത്തിലേക്കെത്തുന്നത്. നവംബർ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്.
അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കി. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.