

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും നിരാശാജനകമായ പ്രകടനം കാഴ്ച വച്ച് മഹാഗത്ബന്ധൻ സഖ്യത്തിലെ പ്രധാന അംഗമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആദ്യ വരുന്ന ഫല സൂചനകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിലും ബിഹാറിൽ ബുദ്ധിമുട്ടുകയാണെന്നാണ്. കോൺഗ്രസ് മത്സരിച്ച 60 സീറ്റുകളിൽ 6 എണ്ണത്തിൽ മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ. (Congress)
ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന കോൺഗ്രസ് ഇപ്പോൾ ബീഹാറിൽ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. ബീഹാർ സംസ്ഥാന നേതൃത്വത്തിൽ പാർട്ടിയുടെ അവസാനത്തെ പ്രധാന സാന്നിധ്യം 1990 ൽ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ആയിരുന്നു. അതിനുശേഷം ബിഹാറിൽ വീണ്ടും കാലുറപ്പിക്കാൻ കോൺഗ്രസ് പാടുപെടുകയാണ്.
'വോട്ട് ചോരി' മുതലായ ക്യാമ്പയിനുകളിലൂടെ ബീഹാർ രാഷ്ട്രീയം വീണ്ടെടുക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും അവിടെ അത് ഫലം കണ്ടില്ല. ഇത് പോലെയുള്ള വലിയ പ്രശ്നങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കൊടുത്തപ്പോൾ ബിഹാറിലെ ജനങ്ങൾ അവരുടെ പ്രാദേശിക പ്രശ്നങ്ങൾക്കാണ് ഊന്നൽ കൊടുത്തതെന്ന് വേണം തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും മനസിലാക്കാനുള്ളത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിലെ ഈ മോശം പ്രകടനം മഹാഗത്ബന്ധൻ സഖ്യത്തെ മൊത്തത്തിൽ ബാധിക്കുന്നതാണ്. അതെ സമയം ആർ.ജെ.ഡിയുടെ ലാലു പ്രസാദ് യാദവ് 36 സീറ്റുകളോട് കൂടി ബിഹാറിൽ കാലുറപ്പിച്ച് തന്നെ നിൽക്കുകയാണ്. മറുവശത്ത്, നിലവിൽ 190 സീറ്റുകളുമായി മുന്നിട്ടുനിൽക്കുന്ന എൻ.ഡി.എ, 2010-ൽ അവർ നേടിയ 206 സീറ്റുകളിൽ കൂടുതൽ നേടാനാണ് സാധ്യത.