പട്‌ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയെങ്കിലും, ഭരണത്തിൽ നിർണ്ണായകമായ പല വകുപ്പുകളും സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വിട്ടുനൽകി നിതീഷ് കുമാർ. രണ്ട് പതിറ്റാണ്ടിലേറെയായി നിതീഷ് കുമാർ നേരിട്ട് കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് ബിജെപിക്ക് കൈമാറിയത് എൻഡിഎ സഖ്യത്തിലെ പുതിയ അധികാര സമവാക്യത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.(Bihar cabinet, Nitish Kumar gives crucial portfolios to BJP)
ബിജെപി നേതാക്കൾക്ക് ലഭിച്ച പ്രധാന വകുപ്പുകളിൽ ഏറ്റവും ശ്രദ്ധേയം ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ലഭിച്ച ആഭ്യന്തര വകുപ്പ് ആണ്; ഇത് നിതീഷ് കുമാർ 20 വർഷമായി കൈകാര്യം ചെയ്ത വകുപ്പാണ്. മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ് സിൻഹയ്ക്ക് സാമ്പത്തികമായി പ്രധാനപ്പെട്ട റവന്യൂ, ഖനി മന്ത്രാലയങ്ങൾ ലഭിച്ചു.
രാം കൃപാൽ യാദവിന് കൃഷി വകുപ്പ് ലഭിച്ചു.മംഗൾ പാണ്ഡെയ്ക്ക് ആരോഗ്യം, നിയമം എന്നീ വകുപ്പുകൾ ലഭിച്ചു. നേരത്തെ ആരോഗ്യം നിതീഷ് കൈകാര്യം ചെയ്തിരുന്നു. നാരായണ പ്രസാദിന് ദുരന്തനിവാരണ വകുപ്പ് ലഭിച്ചു. ദിലീപ് ജയ്‌സ്വാളിന് വ്യവസായം ലഭിച്ചു. ശ്രേയസി സിംഗിന് ഐടി ആൻഡ് സ്‌പോർട്‌സ് വകുപ്പ് ലഭിച്ചു.
മറ്റ് പ്രധാന വകുപ്പുകളായ പിന്നോക്ക വിഭാഗ ക്ഷേമം (രാമ നിഷാദ്), തൊഴിൽ (സഞ്ജയ് സിംഗ് ടൈഗർ), റോഡ് ആൻഡ് ഹൗസിംഗ് (നിതിൻ നബിൻ), എസ്‌സി & എസ്ടി വെൽഫെയർ (ലഖേന്ദ്ര റൗഷൻ), ടൂറിസം (അരുൺ ശങ്കർ പ്രസാദ്), ഫിഷറീസ് ആൻഡ് അനിമൽ റിസോഴ്‌സസ് (സുരേന്ദ്ര മെഹത), പരിസ്ഥിതി ആൻഡ് കാലാവസ്ഥാ വ്യതിയാനം (പ്രമോദ് കുമാർ) എന്നിവയും ബിജെപി നേതാക്കൾക്കാണ് ലഭിച്ചത്.
2005 നവംബറിൽ ചുമതലയേറ്റ ശേഷം നിതീഷ് കുമാർ സ്വന്തം കൈവശം വെച്ചിരുന്ന വകുപ്പായിരുന്നു ആഭ്യന്തരം. ബിജെപി നേതാവായ സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് വിട്ടുനൽകാനുള്ള തീരുമാനം, ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് 'ബിഗ് ബി' എന്ന യാഥാർത്ഥ്യം നിതീഷ് കുമാർ അംഗീകരിക്കുന്നതിന്റെ സൂചനയായി രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ 85 സീറ്റുകൾ നേടിയ ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ (89) നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയ ജെഡിയുവിന് ലഭിച്ച പ്രധാന വകുപ്പുകൾ ഇവയാണ്. സാമൂഹിക ക്ഷേമം (മദൻ സാഹ്നി), ഗ്രാമീണ പ്രവൃത്തികൾ (അശോക് ചൗധരി), ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണം (ലെഷി സിംഗ്), ഗ്രാമവികസന-ഗതാഗതം (ശ്രാവൺ കുമാർ), ജലവിഭവം (വി.കെ. ചൗധരി), ഊർജ്ജം (വിജേന്ദ്ര യാദവ്), വിദ്യാഭ്യാസം (സുനിൽ കുമാർ).
കൂടാതെ, കരിമ്പ് വ്യവസായം, പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പുകൾ ലോക് ജനശക്തി പാർട്ടിക്കും, മൈനർ വാട്ടർ റിസോഴ്‌സസ് ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും, പഞ്ചായത്തിരാജ് രാഷ്ട്രീയ ലോക് മഞ്ചിനുമായി വിഭജിച്ചു നൽകിയിട്ടുണ്ട്.