പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് കുടുംബ കലഹം രൂക്ഷമാകുന്നത്.പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 75 ൽ നിന്ന് വെറും 25 ആയാണ് കുറഞ്ഞത്. ലാലു പ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെൺമക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്. ഇവർ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ആർജെഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു രോഹിണി രാഷ്ട്രീയവും ഒപ്പം കുടുംബ ബന്ധവും ഉപേക്ഷിച്ചതായി ആദ്യം പ്രഖ്യാപിച്ചത്.2022-ൽ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിന് താൻ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തത് കൊണ്ടാണ് അപമാനം നേരിട്ടത് എന്നും രോഹിണി വിമര്‍ശിച്ചിരുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവും ദീർഘകാല സഹപ്രവർത്തകനായ റമീസുമാണ് കുടുംബ കലഹങ്ങള്‍ക്ക് പിന്നിലെന്നാണ് രോഹിണി സൂചിപ്പിക്കുന്നത്.
അതേ സമയം, രോഹിണിയുടെ ആരോപണങ്ങൾക്ക് പിന്നാലെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് പ്രതികരണവുമായി രംഗത്തെത്തി. തനിക്കെതിരായ പല ആക്രമണങ്ങളും താൻ സഹിച്ചിട്ടുണ്ടെന്നും എന്നാൽ സഹോദരിയുടെ അപമാനം അസഹനീയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.