ഡൽഹി : ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെയും മഹാസഖ്യത്തില്‍ പ്രശ്‌നങ്ങളൊഴിയുന്നില്ല. ഇന്ത്യ സഖ്യത്തിലെ സീറ്റ് പങ്കുവയ്ക്കൽ സംബന്ധിച്ച് പല കക്ഷികൾക്കിടയിലും അതൃപ്തിയുണ്ട്. അതിനിടെ, സഖ്യത്തിനൊപ്പമുണ്ടാകുമെന്നു നേരത്തെ പറഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചു.
12 സീറ്റുകളായിരുന്നു ജെഎംഎം ആവശ്യപ്പെട്ടത്. എന്നാൽ ഇത് ലഭിക്കാതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്. ചകായ്, ധംദഹ, കറ്റോറിയ (എസ്ടി) പിർപൈന്തി, മണിഹരി (എസ്ടി), ജാമുയി എന്നീ സീറ്റുകളാണ് ജെഎംഎം ശ്രദ്ധ കേന്ദീകരിക്കുന്നത്. എന്നാൽ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തങ്ങൾ മഹാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കില്ലെന്ന് ജെഎംഎം പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.
അതേസമയം, സഖ്യത്തിനുള്ളിൽ പ്രശ്നങ്ങളില്ലെന്നും സീറ്റ് ധാരണകൾ പൂർത്തിയാക്കിയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം കൂടി പൂർത്തിയാക്കാനേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.