പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിംഗ് 60.13%. വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്, 67.32. തൊട്ടുപിന്നാലെ സമസ്തിപൂര്‍ (66.65), മധേപുര (65.74) എന്നീ ജില്ലകളുമുണ്ട്.
ഒന്നാം ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ചില മണ്ഡലങ്ങളില്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്.മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്.ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യമാണ് ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത്. 121 ല്‍ 63 സീറ്റുകള്‍ സ്വന്തമാക്കി. എന്‍ഡിഎ സഖ്യം 55 സീറ്റുകളാണ് നേടിയത്. 11-ന് നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പില്‍ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14-നാണ് വോട്ടെണ്ണല്‍.