ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനായുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പത്രിക സമർപ്പണമാണ് ഇന്ന് മുതൽ തുടങ്ങിയത്. ആദ്യ ദിനം തന്നെ നിരവധി സ്വതന്ത്ര സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. എന്നാൽ, പ്രധാന മുന്നണികളായ മഹാസഖ്യത്തിലും (Grand Alliance) എൻഡിഎയിലും സീറ്റ് ധാരണ ഇതുവരെ പൂർത്തിയായിട്ടില്ല.
മുന്നണിയിലെ തർക്കങ്ങളും വാഗ്ദാനങ്ങളും
എൻഡിഎയിൽ പ്രധാനമായും ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയെ (എൽജെപി) അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടരുകയാണ്. കുറഞ്ഞത് 35 സീറ്റുകൾ ലഭിക്കാതെ വഴങ്ങില്ലെന്നാണ് എൽജെപി വ്യക്തമാക്കിയിരിക്കുന്നത്.
മഹാസഖ്യത്തിൽ ആണെങ്കിൽ കോൺഗ്രസ്സുമായുള്ള സീറ്റ് ധാരണ ഇതുവരെ പൂർത്തിയായിട്ടില്ല.
അതിനിടെ, ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ച 'എല്ലാ വീട്ടിലും സർക്കാർ ജോലി' എന്ന വാഗ്ദാനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. ഇത് അപ്രായോഗികമായ പ്രഖ്യാപനമാണ് എന്നാണ് ബിജെപിയുടെ പ്രതികരണം.
ജെഡിയുവിന് തിരിച്ചടി; ആർജെഡിയിലേക്ക് നേതാക്കളുടെ ഒഴുക്ക്
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പാർട്ടിയായ ജെഡിയുവിന് (JD(U)) തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. താഴെ പറയുന്ന നേതാക്കൾ ഉടൻ ആർജെഡിയിൽ ചേരും:
രണ്ട് തവണ പൂർണിയയിൽ നിന്ന് എം.പി.യായ സന്തോഷ് കുശ്വാഹ.ബങ്ക ജെഡിയു എം.പി. ഗിർധാരി യാദവിന്റെ മകൻ ചാണക്യ പ്രകാശ് രഞ്ജൻ. മുൻ ജഹാനാബാദ് എം.പി. ജഗദീഷ് ശർമ്മയുടെ മകൻ രാഹുൽ ശർമ്മ.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ
വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്:
തിരഞ്ഞെടുപ്പിനായി വോട്ടർ ഐഡിക്ക് പുറമേ മറ്റ് 12 രേഖകൾ കൂടി പരിഗണിക്കും.
എല്ലാ പുതിയ വോട്ടർമാർക്കും 15 ദിവസത്തിനകം വോട്ടർ ഐഡി ലഭ്യമാക്കണം.