ന്യൂഡൽഹി: നോർത്ത് വെസ്റ്റ് ഡൽഹിയിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി എന്ന കേസിൽ വൻ വഴിത്തിരിവ്. യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ യുവതിയുടെ കുടുംബം തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഈ സംഭവമെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അക്കീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.(Big twist in New Delhi acid attack, woman's father arrested)
ആസിഡ് ആക്രമണത്തിൽ കൈകൾക്ക് പൊള്ളലേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ കൈയിൽ മനഃപൂർവം പൊള്ളലേൽപ്പിച്ചതാകാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. കേസിൽ യുവതിക്കെതിരെയും കേസെടുക്കുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
കോളേജിലേക്ക് പോകുന്നതിനിടെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം നടന്നുവെന്നായിരുന്നു കുടുംബം ഇന്നലെ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കുടുംബവുമായി ബന്ധമുള്ള ജിതേന്ദർ എന്നയാളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂട്ടുപ്രതികളെന്ന് പെൺകുട്ടി പറഞ്ഞ ഇഷാൻ, അർമാൻ എന്നിവർ ഒളിവിലുമായിരുന്നു.
എന്നാൽ, കേസിൽ ആദ്യഘട്ടം മുതൽ തന്നെ തെളിവുകളുടെ അഭാവം പോലീസിനെ കുഴപ്പിച്ചു. ആക്രമണം നടന്ന സമയത്ത് ജിതേന്ദറിൻ്റെ ഫോൺ ലൊക്കേഷൻ കരോൾ ബാഗിലായിരുന്നതാണ് പോലീസിൽ സംശയം ബലപ്പെടുത്താൻ കാരണം. കൂടാതെ, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ ജിതേന്ദറിനെ കണ്ടെത്താനായില്ല.
കൂട്ടുപ്രതികളെന്ന് ആരോപിക്കപ്പെടുന്ന ഇഷാൻ, അർമാൻ എന്നിവരുടെ കുടുംബവുമായി പെൺകുട്ടിയുടെ കുടുംബത്തിന് വസ്തുതർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.
ആക്രമണം നടന്ന സ്ഥലത്ത് ആസിഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ശുചിമുറി ക്ലീനർ ഉപയോഗിച്ചാണ് പെൺകുട്ടിയുടെ കൈയിൽ പൊള്ളലേൽപ്പിച്ചത്. എന്നാൽ, ആശുപത്രി രേഖകളിൽ കയ്യിലും വയറ്റിലും പൊള്ളലേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളിലെ വൈരുദ്ധ്യവും സംശയത്തിന് ഇടയാക്കി. കള്ളക്കേസിൽ കുടുക്കി വ്യക്തിവൈരാഗ്യം തീർക്കാനായിരുന്നു ശ്രമമെന്നാണ് പോലീസ് നിഗമനം.