ഡൽഹി : ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി. 5, 18 ശതമാനം സ്ലാബുകൾ നിലനിർത്താനാണ് തീരുമാനം. സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പുതിയ പരിഷ്കരണങ്ങൾ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും.
പാൽ, പനീർ, ബ്രഡ് എന്നിവയ്ക്ക് ഇനി ജിഎസ്ടി ഉണ്ടായിരിക്കില്ല. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവയ്ക്ക് വില കുറയും. 32 ഇഞ്ച് വരെയുള്ള ടിവികൾക്ക് 18 ശതമാനം ആയിരിക്കും ജിഎസ്ടി. ഹെയർ ഓയിലിനു 5 ശതമാനം ആയിരിക്കും ജിഎസ്ടി. 50 ലക്ഷം രൂപയിലധികം വിലയുള്ള ആഡംബര കാറുകള്‍ക്ക് 40 ശതമാനം ജി എസ് ടി നല്‍കേണ്ടി വരും. പുകയില ഉല്‍പന്നങ്ങള്‍ക്കും 40 ശതമാനം ജി എസ് ടി നല്‍കേണ്ടി വരും.
സിമെന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, പായ്ക്കറ്റ് ഭക്ഷണം, മരുന്നുകള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കും ജി എസ് ടി നിരക്ക് കുറയും. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസിനെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. 33 ജീവൻ രക്ഷാ മരുന്നുകൾക്കും ജിഎസ്ടി ഉണ്ടാകില്ല. രാസവളത്തിനും കീടനാശിനിക്കും വില കുറയും.സിമെന്റിന് നിലവിലുള്ള 28 ശതമാനം ജി എസ് ടി 18 ശതമാനമായി കുറക്കും.